മലപ്പുറം: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം മലപ്പുറം ടൗൺഹാളിലെത്തിച്ചു. പൊതുദർശനത്തിനായി ആയിരങ്ങളാണ് പ്രദേശത്തെത്തുന്നത്.
നേരത്തെ മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വീട്ടിലെത്തിച്ചിരുന്നു. ആയിരങ്ങളാണ് തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പിക്കാനായി പാണക്കാട്ടെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയത്.
ബന്ധുക്കള്‍ക്ക് മാത്രമാണ് വീട്ടില്‍ ദര്‍ശനത്തിന് അവസരം നല്‍കിയത്. തുടര്‍ന്ന് മൃതദേഹം മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇവിടെയും വലിയ ജനക്കൂട്ടമാണ് പൊതു ദര്‍ശനത്തിന് എത്തിയത്.
പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ നേതാക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ മയ്യിത്ത് നിസ്കാരം നടന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും.
അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അന്ത്യം. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അതിന് ശേഷം മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.
18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.