മൊഹാലി : ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ആര് അശ്വിന് സ്വന്തം. ഇതിഹാസതാരം കപില്‍ ദേവിനെയാണ് അശ്വിന് മറികടന്നത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. മൊഹാലി ടെസ്റ്റില്‍ തന്നെ അദ്ദേഹം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ 435 വിക്കറ്റാണ് അശ്വിന് നേടിയത്. താരത്തിന്റെ 85-ാം ടെസ്റ്റാണിത്.
ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഒന്നാമത്. അദ്ദേഹം 619 വിക്കറ്റാണ് നേടിയത്. ഹര്ഭജന് മൂന്നാം സ്ഥാനത്തുണ്ട്. 417 വിക്കറ്റ് ഹര്ഭജന് നേടി. മുന്‍ പേസര്‍ സഹീര്‍ ഖാനും വെറ്ററന്‍ താരം ഇശാന്ത് ശര്‍മയും പട്ടികയില്‍ അഞ്ചാമതാണ്. ഇരുവര്‍ക്കും 311 വിക്കറ്റ് വീതമുണ്ട്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയെ പുറത്താക്കിയാണ് അശ്വിന് നേട്ടം ആഘോഷിച്ചത്. വിരാട് കോഹ്ലിക്കായിരുന്നു ക്യാച്ച്.