തിരുവനന്തപുരം: തിരുവന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്തെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
പുലർച്ചെ 1 മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മൽപിടുത്തിന്റെ ലക്ഷണങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വിഷം ഉള്ളിൽചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

















