പുരുഷന്മാർക്കിടയിൽ വന്ധ്യത പ്രശ്നം ഇപ്പോൾ കൂടി വരികയാണ്. ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പുരുഷ വന്ധ്യതക്കിടയാക്കുന്ന നിർണായക ഘടകം. ഇതിന് പല കാരണങ്ങൾ ഉണ്ട്. വൃഷണത്തിലെ അണുബാധ, വൃഷണ കാൻസർ, വൃഷണത്തിന് അമിതമായി ചൂടേൽക്കുക തുടങ്ങി നിരവധി ഘടകങ്ങൾ ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുമോ എന്ന് കണ്ടെത്താനുള്ള പഠനങ്ങൾ നടന്ന് വരികയാണ്. മൊബൈൽ ഫോൺ ഉപയോഗമോ വൈദ്യുതകാന്തിക വികിരണമോ ബീജ ചലനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മിക്ക പഠനങ്ങളും വ്യക്തമാക്കുന്നു.
ബീജത്തിന്റെ ചലനശേഷിയെയാണ് ബീജത്തിന്റെ ‘മോട്ടിലിറ്റി’ സൂചിപ്പിക്കുന്നത്. ബീജത്തിന്റെ ചലനശേഷി കുറവാണെങ്കിൽ ഇത് വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ 23 ശതമാനം പുരുഷന്മാരും വന്ധ്യത പ്രശ്നം അനുഭവിക്കുന്നതായി ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് ക്ലിനിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.