കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം . ബസില്‍ ഉണ്ടായിരുന്നയാള്‍ കടന്ന് പിടിച്ചെന്ന് കോളേജ് അധ്യാപികയായ യുവതി പറയുന്നു. അതിക്രമത്തിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടർ ഉള്‍പ്പടെ ആരും പിന്തുണച്ചില്ലെന്നും യുവതി പ്രതികരിച്ചു.
കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. ഫേസ്ബുക്കിലൂടെയായിരുന്നു യുവതി ആദ്യം പ്രതികരിച്ചത്. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന് ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടർ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും കണ്ടക്ടർ വേദനിപ്പിച്ച് സംസാരിച്ചെന്നും അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ഇയാൾക്കെതിരെ കെഎസ്ആർടിസിക്കും പൊലീസിനും പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.