ദിസ്പൂര്‍: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടത്തിൽ വൈകീട്ട് അഞ്ച് വരെ 22 സീറ്റുകളിൽ 77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്)
ചന്ദേൽ, ജിരിബാൻ, സേനാപതി, തമെങ്ലോങ്, തൗബൽ, ഉഖ്രുൽ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് അടക്കമുള്ള നേതാക്കൾ ജനവിധി തേടി. സ്വന്തം തട്ടകമായ തൗബാലിലാണ് ഇബോബി സിങ് മൽസരിക്കുന്നത്.
നിരവധി മന്ത്രിമാരും മൽസരരംഗത്തുണ്ട്. 22 സീറ്റിൽ നാല് സീറ്റിൽ കോൺഗ്രസിന് സ്ഥാനാർഥികളില്ല. ഈ സീറ്റുകളിൽ കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർടി സ്ഥാനാർഥികളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് സൂചന.