ഹീറോ ഇലക്ട്രിക്കിന്റെ ഇ.വി സ്കൂട്ടറായ എഡ്ഡി നിരത്തുകൾക്കായി ഒരുങ്ങുന്നു. ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലാത്ത എഡ്ഡി പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കാനാണു ഹീറോ തയാറെടുക്കുന്നത്. സ്കൂട്ടറിന്റെ സാങ്കേതിക വിവരങ്ങളും വില സംബന്ധിച്ച സൂചനയും നിർമാതാക്കൾ നൽകിയിട്ടില്ല.രജിസ്ട്രേഷൻ ആവശ്യമില്ലാത്തതിനാൽ സ്കൂട്ടറിന്റെ വേഗത മണിക്കൂറിൽ 25 കിലോമീറ്റിൽ താഴെയാകാനാണ് സാധ്യത.
മഞ്ഞ, ഇളംനീല നിറങ്ങളിൽ ലഭ്യമാവുന്ന എഡ്ഡിയിൽ ഫൈൻഡ് മൈ ബൈക്ക്, ഇ ലോക്ക്, വലിപ്പമേറിയ സംഭരണ സ്ഥലം, ഫോളോ മീ ഹെഡ്‌ലാപ്സ്, റിവേഴ്സ് മോഡ് എന്നിങ്ങനെ സൗകര്യങ്ങളുണ്ട്. ‘എഡ്ഡി’യുടെ അവതരണം പ്രഖ്യാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഹീറോ ഇലക്ട്രിക് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജാൾ പറഞ്ഞു. മലിനീകരണ മുക്തവും സുഖകരവുമായ യാത്രയിൽ താൽപര്യമുള്ളവരെ ലക്ഷ്യമിട്ടാണ് എഡ്ഡിയുടെ രൂപകൽപനയെന്നും അദ്ദേഹം വിശദീകരിച്ചു.
ലുധിയാനയിലെ നിർമാണശാലയിൽ നിന്നാവും ‘എഡ്ഡി’ നിരത്തിലെത്തുക. ഇ സ്കൂട്ടർ ഉപയോക്താക്കൾക്ക് ആകർഷ വ്യവസ്ഥകളിൽ വാഹന വായ്പ ലഭ്യമാക്കാൻ കഴിഞ്ഞ മാസം ഹീറോ ഇലക്ട്രിക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബി ഐ)യുമായി ധാരണയിലെത്തിയിരുന്നു. ഇതിനു പുറമെ വൈദ്യുത വാഹന ഉൽപ്പാദനം വർധിപ്പിക്കാനായി മഹീന്ദ്ര ഗ്രൂപ്പുമായി സഹകരിക്കാനും ഹീറോ ഇലക്ട്രിക് നേരത്തെ തീരുമാനിച്ചിരുന്നു.