കീവ്: യുക്രെയ്നിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവച്ച് പ്രസിഡന്റ് വോളോഡമിര്‍ സെലെന്‍സ്കി. വിജയം നേടുന്നത് വരെ പൊരുതും. രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധഭീതി ഉടനെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് ഉടന്‍ മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകും. പലായനം ചെയ്തവരെ സ്വാഗതം ചെയ്ത പോളണ്ടിന്റെ നടപടിക്കും സെലന്‍സ്കി നന്ദിയറിയിച്ചു.
യുക്രെയ്നെ ആക്രമിക്കാന്‍ നാറ്റോ റഷ്യക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുക്രെയ്നിന് മുകളിലെ വ്യോമപാത അടക്കാന്‍ നാറ്റോ തയാറാകുന്നില്ല. റഷ്യയുടെ വ്യോമാക്രമണമത്തിൽ നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു.
അതിനിടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു. റഷ്യ ഷെല്ലാക്രമണം തുടരുന്നതിനാലാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതെന്ന് യുക്രൈന് അറിയിച്ചു. മരിയുപോളില്‍ ഇപ്പോഴും റഷ്യ കനത്ത ഷെല്ലാക്രമണം തുടരുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.