മരിയൂപോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈൻ. അതിനാൽ ഇവിടെനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിർത്തിവയ്ക്കേണ്ടിവന്നെന്നും യുക്രൈൻ പറഞ്ഞു.
ഉച്ചയ്ക്ക് 12.30 മുതൽ റഷ്യ മരിയൂപോൾ, വോൾനോവാക്ക എന്നിവടങ്ങളിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാൻ വേണ്ടിയായിരുന്നു വെടിനിർത്തൽ. ലോകരാജ്യങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന കണക്കിലെടുത്താണ് തീരുമാനം. മരിയൂപോളിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം റഷ്യ ആക്രമിച്ച സപോർഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണം യുെ്രെകൻ തിരികെ പിടിച്ചതായി റിപ്പോർട്ടുകളുണ്ട്. ചെർണോബിലിലെ ആണവ നിലയം കഴിഞ്ഞ പത്തുദിവസമായി റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടത്തെ ജീവനക്കാർ മാനസികമായും ശാരീരികമായും തളർന്നിരിക്കുകയാണെന്ന് സ്ലാവുച്ച് മേയർ യൂറി ഫോമിചെവ് പറഞ്ഞു.
കീവിന് അടുത്തുള്ള ഇർപിൻ നഗരത്തിലെ സൈനിക ആശുപത്രിയിൽ റഷ്യൻ സൈന്യം ബോംബ് ആക്രമണം നടത്തി. തെക്കുകിഴക്കൻ തുറമുഖനഗരമായ മരിയുപോൾ റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണ്. മേഖലയുടെ നിയന്ത്രണം റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇതുവരെ 28 കുട്ടികൾ കൊല്ലപ്പെട്ടതായി യുെ്രെകൻ അറിയിച്ചു. 840 പേർക്ക് പരിക്കേറ്റതായും യുെ്രെകൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായ ഒലെക്സി ഡാനിലോവ് പറഞ്ഞു. ആക്രമണം നടക്കുന്ന മേഖലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കണമെന്നും ഡാനിലോവ് അഭ്യർത്ഥിച്ചു.
കീവിലെ ബുച്ച നഗരത്തിൽ കാറിൽ പോകുകയായിരുന്ന സാധാരണക്കാരുടെ കാറിന് നേർക്ക് റഷ്യൻ സൈന്യം വെടിയുതിർത്തു. 17 വയസ്സുള്ള പെൺകുട്ടി അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. യുെ്രെകൻ നഗരമായ സുമിയിലും ചെർണീവിലും റഷ്യ വ്യോമാക്രമ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുമിയിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.