ന്യൂഡൽഹി;യുക്രൈനിലെ യുദ്ധമേഖലയിൽനിന്ന് 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ.സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയിലുള്ളതിനാൽ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
യുക്രൈനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ തങ്ങൾ ഒന്നും പറയാനുദ്ദേശിക്കുന്നില്ലെന്നും സർക്കാർ നടപടികളെ പ്രശംസിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.