ബെര്‍ലിന്‍: യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് ജര്‍മനിയിലേക്ക് ഇതുവരെ പലായനം ചെയ്തത് 18000ത്തോളം പേരെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം. 18,436 പേരാണ് എട്ട് ദിവസത്തിനിടെ മാത്രം ജര്‍മനിയല്‍ എത്തിയത്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്.
ജര്‍മനിയില്‍ പലായനം ചെയ്തെത്തിയ ആളുകളില്‍ 15000ത്തോളം പേര് യുക്രൈന് പൗരന്മാരും മൂവായിരത്തോളം പേര് മറ്റ് രാജ്യക്കാരുമാണ്. ‘യുദ്ധമേഖലയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ക്ക് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് വരാം. അവര്‍ ഉക്രേനിയന്‍ അഭയാര്‍ത്ഥികളാണോ മൂന്നാം രാജ്യക്കാരാണോ എന്നത് നോക്കുന്നില്ലെന്നും ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
യുക്രൈനില്‍ നിന്നെത്തിയ മറ്റ് രാജ്യക്കാരില്‍ കൂടുതല്‍ പേരും യുക്രൈനില്‍ തന്നെ സ്ഥിരിതാമസമാക്കിയവരാണ്. അതിനാല്‍ അവര്‍ അഭയാര്ത്ഥികളാകുന്നില്ലെന്നും മന്ത്രാലയം വക്താവ് പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇതുവരെ ഒരു ദശലക്ഷത്തിലധികം പേരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്.