മുംബൈ: ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി ശ്വേത സിംഗിന് മുംബൈയിലെ സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു.
ജാമ്യത്തിനായി സിംഗ് നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്, നേരത്തെയുള്ള ഹർജി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. വിശദമായ ഉത്തരവ് ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി എസ് ജെ ഘരത് സിംഗിന്റെ ജാമ്യാപേക്ഷ നിരസിച്ചു.
മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലേലത്തിന് വച്ച് വിവാദമായ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ബുള്ളി ഭായ്. ‘ബുള്ളി ഭായ് എന്ന പേരിൽ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രത്യക്ഷപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ സജീവമായ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ, അവർ അറിയാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ബുള്ളി ഭായിയെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്. മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ, പ്രശസ്തരായ വ്യക്തികൾ തുടങ്ങി നിരവധി സ്ത്രീകളെ ബുള്ളി ഭായ് ആപ്പിലൂടെ അപകീർത്തിപ്പെടുത്തി. മുംബൈ സൈബർ സെല്ലും ഡൽഹി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ ഈ ആപ്പ് വഴി ലേലത്തിന് വച്ചിട്ടുണ്ടെന്ന് വ്യക്തമായി.