ചെങ്ങന്നൂർ : പോലീസ് അതിക്രമം നടത്തി കെ – റെയിൽ പദ്ധതിയ്ക്കായി സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. കെ – റെയിൽ സ്റ്റേഷൻ സ്ഥാപിക്കാനെന്ന പേരിൽ മുളക്കുഴ പഞ്ചായത്തിൽ നൂറ് ഏക്കറിലേറെ സ്ഥലമാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്നത്. കെ – റെയിലിന് എന്ന വ്യാജേന കൃഷി ഭൂമികൾ മണ്ണിട്ട് നികത്തുന്നത് മണ്ണ് – ഭൂ മാഫിയാകളെ സഹായിക്കാനാണ്. ജനങ്ങളെ വികസനത്തിന്റെ പേര് പറഞ്ഞു കബളിപ്പിച്ച് വൻ അഴിമതിയാണ് സർക്കാരും ഇടതുപക്ഷ കക്ഷികളും ലക്ഷ്യമിടുന്നത്. റിയൽ എസ്റ്റേറ്റ് മാഫിയകളെ സഹായിച്ച് പണം തട്ടാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലുള്ളത്.
മുളക്കുഴ പഞ്ചായത്തിനെ രണ്ടായി വെട്ടിമുറിച്ച് ജനങ്ങളെ ദുരിതത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതി നടപ്പിലാക്കിയാൽ പഞ്ചായത്ത് ഓഫീസിലെത്താൻ പോലും പഞ്ചായത്തിലുള്ളവർക്ക് കഴിയാതെ വരും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർ താമസിക്കുന്ന പട്ടികജാതി കോളനി വരെ പദ്ധതിയ്ക്കായി ഏറ്റെടുത്ത് ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരത്തിൽ പങ്കാളികളായ സ്ത്രീകളടക്കമുള്ളവരോട് പോലീസ് നീചമായ അതിക്രമമാണ് കാട്ടുന്നത്. രോഗികളോടും പ്രായാധിക്യമുള്ളവരോടും പോലീസ് കാട്ടുന്ന അതിക്രമങ്ങൾ നീതികരിക്കാനാവാത്തതാണ്. ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ കല്ലിടൽ നിർത്തിവെയ്ക്കണമെന്ന് നേരിട്ട് സ്ഥലത്തെത്തി താൻ ആവശ്യപ്പെട്ടതാണ്.
ഡി.ജി.പി.യേയും ജില്ലാ കളക്ടറേയും സ്ഥിതിഗതികൾ മോശമാണെന്ന് അറിയ്ക്കുകയും ചെയ്തിരുന്നതാണ്. ഇതെല്ലാം ധിക്കരിച്ചാണ് കല്ലിടൽ തുടരുന്നത്. സർക്കാരിന്റേത് മനുഷത്വരഹിതമായ നടപടിയാണ്. എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്തി ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സമരക്കാരെ അടിച്ചമർത്തി പദ്ധതിയുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്.
കെ – റെയിലുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാൻ സർക്കാർ തയ്യാറാകണം. ഇല്ലാത്ത പക്ഷം ശക്തയായ പ്രക്ഷോഭങ്ങളുമായി രംഗത്തു വരും.ജനകീയ പ്രക്ഷോഭത്തിൽ പങ്കാളികളായ സമരക്കാരെയും നാട്ടുകാരെയും അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.