ഖാർകീവ്: ഖാർകീവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ നിർണായക ഇടപെടലുമായി പ്രതിരോധ മന്ത്രാലയം. 10 പേരുള്ള സംഘങ്ങളായി തിരിയണമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഓരോ സംഘത്തിലും കോർഡിനേറ്റർ ഉണ്ടാവണം. വിദ്യാർത്ഥികൾ നിൽക്കുന്ന ലൊക്കേഷൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
‘ഇന്ത്യൻ വിദ്യാർത്ഥിയാണ്’, ‘പോരാളിയല്ല’, ‘സഹായിക്കണം’ എന്നീ റഷ്യൻ വാക്കുകൾ പഠിക്കണമെന്നും പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിൽ പറയുന്നു.
ലഭിക്കുന്ന വിവരങ്ങൾ ഒപമുള്ളവരുമായി പങ്കുവെക്കണം. പരിഭ്രാന്തരാവരുത്. ഓരോ 8 മണിക്കൂറിലും പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. കോർഡിനേറ്ററോ സഹായിയോ ആവണം വിളിക്കേണ്ടത് എന്നും വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
യുക്രൈന് അതിര്‍ത്തികളില്‍ സഹായം കാത്ത് നില്ക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായുള്ള ‘ഓപ്പറേഷന് ഗംഗ’യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കവെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശൃംഗ്ല ഉക്രൈന് വിദേശകാര്യ സഹമന്ത്രിയുമായി രക്ഷാപ്രവര്‍ത്തനത്തിന്റെ നടപടിക്രമങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയതായും അരിന്ദം ബാഗ്ചി പറഞ്ഞു. നിരവധി വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം ഹാര്‍കിവില്‍ നിന്ന് പുറത്തെത്തിക്കാന്‍ കഴിഞ്ഞു. പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ എത്തിയ വിദ്യാർഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുന്നുണ്ട്. പോളണ്ട് അതിര്‍ത്തിയിലൂടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഹങ്കറി, സ്ളോവാക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ലിവിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍മാരും സഹായിക്കുന്നുണ്ട്. ഖാര്ക്കീവില് വീണ്ടും സ്ഥിതി വഷളായത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരിക്കയാണ്. ഹാർകിവില്‍ നിന്നും സുമിയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാനായി നിരന്തരം ഇപെട്ടുകൊണ്ടിരിക്കുകയാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.