കീവ്: സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും തങ്ങൾക്ക് നഷ്ടപ്പെടാനില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. യുക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ വലിയ വിലനൽകേണ്ടിവരുമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി. യുദ്ധത്തിനു ശേഷം യുക്രൈന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“നിങ്ങൾ തകർക്കുന്ന ഓരോ പാലങ്ങളും റോഡുകളും പുനർനിർമിക്കും. ഓരോ വീടും എല്ലാ തെരുവുകളും എല്ലാ നഗരങ്ങളും പുനഃസ്ഥാപിക്കും. റഷ്യയോട് പറയുന്നു- നഷ്ടപരിഹാരം, ഓഹരി എന്നീ വാക്കുകൾ ഓർത്തുവയ്ക്കുക.
ഈ രാജ്യത്തിനെതിരായി, ഓരോ യുക്രെയ്ൻ പൗരന്മാർക്കെതിരായി ചെയ്ത എല്ലാത്തിനും അതേ നാണയത്തിൽ പകരം ചെയ്യും. റഷ്യൻ സൈന്യം യുക്രെയ്നെ പൂർണമായും പിടിച്ചെടുത്താൽ അടുത്ത പ്രതിരോധ ഘട്ടം ആരംഭിക്കും. ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, സ്വാതന്ത്ര്യമല്ലാതെ”-അദ്ദേഹം പറഞ്ഞു.
റഷ്യയുടെ അധിനിവേശത്തിനെതിരായ രാജ്യത്തിന്റെ വീരോചിത ചെറുത്തുനില്‍പ്പില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് സെലെന്‍സ്കി നേരത്തെ പറഞ്ഞിരുന്നു. റഷ്യയുടെ തന്ത്രങ്ങളെ രാജ്യം പരാജയപ്പെടുത്തിയെന്നും നഗരങ്ങളില്‍ നിന്ന് അവരെ തുരത്തുന്ന യുക്രൈന് ജനതയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും സെലെന്‍സ്കി പറഞ്ഞു.
യുക്രൈനില്‍ നിന്ന് കടുത്ത തിരിച്ചടി ലഭിക്കുമെന്ന് ഓരോ കടന്നുകയറ്റക്കാരും അറിഞ്ഞിരിക്കണമെന്നും സെലെന്‍സ്കി പറഞ്ഞു. ഞങ്ങള്‍ തോറ്റുകൊടുക്കില്ലെന്ന് അവര്‍ എല്ലാക്കാലവും ഓര്‍മിക്കും. ഒരാഴ്ചയ്ക്കിടെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് അവകാശപ്പെട്ടു. ഇതിനിടെ ആക്രമണം ആരംഭിച്ചതിന് ശേഷം തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു.