മോസ്കോ: ആണവയുദ്ധം ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും റഷ്യയുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്. മാധ്യമങ്ങളുമായി ഓൺലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചു. റഷ്യ- യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
ആണവയുദ്ധം എന്ന ആശയം നിരന്തരം കറങ്ങുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ്. അത് തങ്ങളുടെ തലയിൽകെട്ടിവയ്ക്കേണ്ട. മൂന്നാംലോക യുദ്ധമുണ്ടായാൽ അത് ആണവയുദ്ധമായിരിക്കുമെന്നും ലവ്റോവ് പറഞ്ഞു. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയനുമായും ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുമായും അദ്ദേഹം അമേരിക്കയെ താരതമ്യം ചെയ്തു.
അവരുടെ കാലത്ത്, നെപ്പോളിയനും ഹിറ്റ്ലറും യൂറോപ്പിനെ കീഴടക്കാൻ സ്വയം തുനിഞ്ഞിറങ്ങി. ഇപ്പോൾ അമേരിക്കയാണ് അത് ഏറ്റെടുത്തിരിക്കുന്നത്- റഷ്യൻ വിദേശകാര്യമന്ത്രി ആരോപിച്ചു.
അതേസമയം, യുക്രൈൻ നഗര ഭരണ കേന്ദ്രമായ ഖേഴ്സൻ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. നീപർ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്സൻ. കരിങ്കടലിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനിൽ കടന്ന റഷ്യൻ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ് കേഴ്സൻ നഗരം പിടിച്ചെടുത്തത്. എന്നാൽ റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചെന്നും റഷ്യൻ വിമാനം വീഴ്ത്തിയെന്നും യുക്രൈനും അവകാശപ്പെട്ടു.