തിരുവനന്തപുരം: കൊവിഡ് കാലത്തെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ലോകായുക്ത സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.
ആരോഗ്യ സെക്രട്ടറി രാജൻ ഘൊബ്രഗഡേ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മുൻ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാർ എന്നിവർക്കും മുൻ ജനറൽ മാനേജർ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥർ അറിയിക്കുകയും വേണം.
മാർച്ച് ഏഴിന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് കാലത്തെ മെഡിക്കൽ കോർപ്പറേഷൻ കൊള്ള ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായർ നൽകിയ ഹർജിയിലാണ് ലോകായുക്ത പ്രാഥമിക അന്വേഷണം ആരംഭിച്ചത്.