കാർകീവ്: യുക്രെയ്ൻ നഗരമായ ഖാര്ക്കീവില് കർഫ്യൂ പ്രഖ്യാപിച്ചു. റഷ്യന്‍ സേനയുടെ ആക്രമണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, യുദ്ധം രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഖാര്‍ക്കീവ് വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ച സമയപരിധി അവസാനിച്ചു. ഖാര്ക്കീവില് നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ട്രെയിനില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ബസും ട്രെയിനും കാത്തുനില്‍ക്കാതെ കാല്‍നടയായി പോകണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
അതിനിടെ, കാർകീവിൽ സ്ഫോടന ശബ്ദം കേട്ടെന്ന് ഇന്ത്യൻ വിദ്യാർഥികൾ അറിയിച്ചു. മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനശബ്ദം കേട്ടെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കിയത്.
ഇന്നലെ മുതല്‍ ഖാര്‍കീവില്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു.