ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഇന്ന് ചര്‍ച്ച നടത്തും. റവിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തരമായി ഫോണിൽ സംസാരിക്കുന്നത്. ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് ലിവിവിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും ഖാര്‍കിവ് വിടണമെന്നുമാണ് നിര്‍ദേശം. പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് പറഞ്ഞിരിക്കുന്നത്.
ഇന്നലെ മുതല്‍ ഖാര്‍കീവില്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടണമെന്ന മുന്നറിയിപ്പ് എംബസി നല്‍കുന്നത്. യുക്രൈന് പ്രാദേശിക സമയം, 18:00 മണിയോടെ ഖാര്‍കീവ് വിടണമെന്നാണ് മുന്നറിയിപ്പ്.
ഇതുവരെ 17,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടതായും കീവിൽ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിൽ 15 വിമാനങ്ങൾ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതിൽ ചിലത് യാത്ര തിരിച്ച് കഴിഞ്ഞതായും വിദേശകാര്യവക്താവ് പറയുന്നു.
ഇപ്പോഴും ഹാർകീവിൽ നിന്ന് വണ്ടി അടക്കമുള്ള വാഹനങ്ങൾ കിട്ടാതെ നൂറുകണക്കിന് മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റഷ്യ- യുക്രൈന് യുദ്ധം രൂക്ഷമായതോടെ യുക്രൈനില്‍ നിന്ന് ഏകദേശം 836000 പേര് അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സിആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പകുതിയിലധികം പേരും പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ അധിനിവേശം 7 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥിപ്രവാഹവും തുടരുകയാണ്.