തിരുവനന്തപുരം: ജഡ്ജിക്കുന്നിൽ യുവതിക്കും ഭർത്താവിനും നേരെയുണ്ടായ അക്രമത്തിൽ പൊലീസ് പിടിയിലായ സുരേഷിന്റെ മരണത്തിലും തിങ്കളാഴ്ച ഉച്ച മുതൽ രാത്രി വരെ സ്റ്റേഷന് മുന്നിൽ സംഘർഷ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീണ്ടതിലും തിരുവല്ലം പൊലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഞായറാഴ്ച രാത്രിയോടെയാണ് സുരേഷ് ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായത്.കസ്റ്റഡിയിൽ സുരേഷിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരെ കാര്യങ്ങൾ യഥാവിധം അറിയിക്കുന്നതിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലും താമസമുണ്ടായെന്നാണ് നിരീക്ഷണം.
സുരേഷ് മരിച്ചശേഷം സ്റ്റേഷന് മുന്നിൽ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കസ്റ്റഡിയിലുള്ള മറ്റ് നാലുപ്രതികളെ അടുത്ത സ്റ്റേഷനിലേക്ക് മാറ്റാനോ റിമാൻഡ് നടപടികൾ നടത്താനോ കഴിഞ്ഞില്ല. സ്റ്റേഷനിൽ ജനക്കൂട്ടം ഇരച്ചുകയറി സുരക്ഷാ ഭീഷണിയുണ്ടാക്കിയത് അതീവഗൗരവമാണ്.ഗേറ്റോ മതിലോ ഇല്ലാത്ത പൊലീസ് സ്റ്റേഷനാണ് തിരുവല്ലം. പ്രതിഷേധം തടയാൻ റോഡിൽ നിന്ന് സ്റ്റേഷനിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസപ്പെടാതെ സൂക്ഷിക്കാനും കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ വന്നിരിക്കുന്നത്.