കോട്ടയം ജനറൽ ആശുപത്രിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഒരു ദിവസത്തിനുള്ളിൽ ലഭിക്കേണ്ട ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റിനായി ഒരു വിദ്യാർഥിക്ക് കോട്ടയം ജനറൽ ആശുപത്രിൽ കയറിയിറങ്ങേണ്ടി വന്നത് നാലു വർഷമാണ്. മനഃശാസ്ത്രപരമായ വിലയിരുത്തൽ നടത്തേണ്ട സൈക്കോളജിസ്റ്റിന് 2025 വരെ സമയമില്ല. ഇതാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതിന്റെ കാരണമായി പറയുന്നത്. ഒടുവിൽ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിലൂടെയാണ് കോട്ടയം കളത്തൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതുമ്പോൾ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട സഹായത്തിനു നൽകേണ്ട സർട്ടിഫിക്കറ്റാണു ഇവർ മുടന്ത് ഞായങ്ങൾ പറഞ്ഞ് നൽകാതിരുന്നത്. 4 വർഷം ഇതിനായി ശ്രമിച്ചിട്ടും നടക്കാതായതോടെയാണ് വിദ്യാർത്ഥി ജില്ലാ കലക്ടർക്കും മെഡിക്കൽ ഓഫിസർക്കും ജനറൽ ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്.
സൈക്കോളജിക്കൽ അസസ്മെന്റ് 2025 സെപ്റ്റംബർ 13 വരെ ബുക്ഡാണെന്നും സീനിയോറിറ്റി ലിസ്റ്റ് പ്രകാരമേ പരിശോധന നടത്താൻ സാധിക്കൂവെന്നുമാണ് ആശുപത്രി സൂപ്രണ്ട് നൽകിയ മറുപടി. തന്മയ നിയമസഹായ കേന്ദ്രം സെക്രട്ടറി ജോജി മാത്യു കമ്മിഷനോടു പരാതിപ്പെട്ടിരുന്നു. സേവനാവകാശ നിയമപ്രകാരം ഈ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലപരിധി ഒരു ദിവസമാണ്. കുട്ടിയെ ഉടൻ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷം രേഖാമൂലം വിവരം അറിയിക്കാൻ കമ്മിഷൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. ഇതേ തുടർന്ന് കഴിഞ്ഞ മാസമാണു വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്.
ഒട്ടേറെ ഭിന്നശേഷിസൗഹൃദ നടപടികളും നിയമങ്ങളും കേരളത്തിലുണ്ട്. എങ്കിലും, സർക്കാർസംവിധാനങ്ങളിലെ ചില അപാകതകൾ വലിയ പരാതികൾക്ക് കാരണമാകുന്നത് നിർഭാഗ്യകരമാണ്. പഠനവെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾ ഓരോ വർഷവും ജനുവരിമുതൽ നെട്ടോട്ടമോടുകയാണ്. എസ്എസ്എൽസി വിദ്യാർഥികളുടെ മാതാപിതാക്കളാണ് ഈ ദുരവസ്ഥ കൂടുതൽ അനുഭവിക്കുന്നത്. നിയമാനുസൃതമായ പരീക്ഷാനുകൂല്യം ഉറപ്പാക്കാനുതകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിനായി ഗവ.ആശുപത്രികൾ കയറിയിറങ്ങി വലയുകയാണ് രക്ഷിതാക്കൾ.
കുട്ടികളുമായി പഠനവെല്ലുവിളി നിർണയ പരിശോധനയ്ക്കെത്തുന്നവർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ലാത്തതുകൊണ്ടും മറ്റും നിരാശരാകുന്നത് സർക്കാരിന്റെ സജീവശ്രദ്ധയിലെത്തേണ്ടതാണ്.
ഭിന്നശേഷിക്കാരായ കുട്ടികളുമായി മണിക്കൂറുകളോളം ആശുപത്രികളിൽ ഫലമില്ലാതെ കാത്തിരിക്കേണ്ടിവരുന്നത് സർക്കാരിന്റെ വലിയ പോരായ്മ തന്നെയാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകളുടെയും അപര്യാപ്തത സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ നേരിടുന്ന വലിയ പ്രശ്നമാണ്. ഇതിനാൽ മിക്കയിടത്തും പഠനവെല്ലുവിളി നിർണയം നടക്കുന്നില്ല. നിർണയം നടന്ന സ്ഥലങ്ങളിൽതന്നെ കോവിഡും മറ്റു പതിവു തിരക്കുകളും ചൂണ്ടിക്കാട്ടി മെഡിക്കൽ ബോർഡുകൾ കൂടാനും വൈകുന്നു. മെഡിക്കൽ ബോർഡുകളാണു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടത്. പഠനവെല്ലുവിളി നിർണയവുമായി ബന്ധപ്പെട്ടു വലിയ പരാതികളുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണ്. പലയിടത്തും താലൂക്ക്തല ക്യാംപുകൾ നടത്തിയിട്ടും പരാതികൾ ബാക്കിയായതുകൊണ്ട്, എംഎൽഎമാരോട് ഈ വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
ആരുടേയും ഔദാര്യമല്ല, ഇത് അവരുടെ അവകാശം തന്നെയാണ്. ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച (ആർപിഡബ്ല്യുഡി – 2016) കേന്ദ്രനിയമം ഈ രംഗത്തു ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ചാൽ 5 ലക്ഷം രൂപവരെ പിഴ വിധിക്കാനുള്ള വകുപ്പുവരെയുണ്ട്. സാക്ഷ്യപത്രങ്ങൾക്കായി നമ്മുടെ സർക്കാർ ആശുപത്രികളിൽ എത്തുന്ന മാതാപിതാക്കൾ നിരാശരായി ഇനി മടങ്ങാൻ പാടില്ല. അതിന് വേണ്ട നടപടികൾ സർക്കാർ എത്രയും വേഗം ചെയ്യേണ്ടതുണ്ട്.