ഇടതുപക്ഷ ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയില്‍ ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭരണത്തിന് നേതൃത്വം നല്‍കുന്നത് സിപിഐഎം ആണെന്നത് തന്നെയാണ് പ്രധാന കാരണം. മാത്രമല്ല ഈ സമ്മേളനത്തില്‍ ഭാവി കേരളത്തിനായുള്ള നിരവധി വികസന കാഴ്ചപ്പാടുകളും പദ്ധതികളും തയ്യാറാക്കുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. സമീപകാല സമ്മേളനങ്ങളില്‍നിന്നും വ്യത്യസ്തമായി വിഭാഗീയത എന്നത് ചിത്രത്തിലേയില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് 23ാം പാര്‍ട്ടി കോണ്‍ഗ്രസും അതിനുമുന്നോടിയായുള്ള സംസ്ഥാന സമ്മേളനവും. പാര്‍ട്ടി അംഗസംഖ്യ അഞ്ചുലക്ഷം കവിഞ്ഞ ശേഷമുള്ള ആദ്യ സമ്മേളനമാണിതെന്ന പ്രത്യേകതയമുണ്ട്. 36645 ബ്രാഞ്ചു സമ്മേളനങ്ങള്‍, 2314 ലോക്കല്‍ സമ്മേളനങ്ങള്‍, 209 ഏരിയാ സമ്മേളനങ്ങള്‍ 14 ജില്ലാ സമ്മേളനങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കി എല്ലാ പാര്‍ട്ടി ഘടകങ്ങളിലും പുതിയ കമ്മിറ്റികളേയും നിശ്ചയിച്ചാണ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ സംസ്ഥാന സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുക. സിപിഐഎമ്മിന്റെ അഖിലേന്ത്യാ/ഉന്നത നേതൃത്വമായ കേന്ദ്രകമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പാര്‍ട്ടി നയപരിപാടികളും തീരുമാനിക്കും. നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ ഇത്രയും വിപുലമായി ലോകത്ത് മറ്റേതെങ്കിലും പാര്‍ട്ടി സമ്മേളിക്കുന്നുണ്ടോയെന്നതും സംശയമാണ്. ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തലാണെന്ന പ്രത്യേകതയുമുണ്ട്. കണ്ണൂരില്‍ ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.
സമീപകാല സമ്മേളനങ്ങള്‍ വിഭാഗീയതയുടെ പേരിലായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. കഴിഞ്ഞ സമ്മേളനത്തോടെ ഇതിനു വിരാമമായി. സിപിഐഎം സമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ യുദ്ധമുഖത്ത് നിന്നുള്ള റിപ്പോര്‍ട്ടിംഗ് പോലെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇത്തവണ അത്തരം സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതായതിന്റെ നിരാശ ചില മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും ഉണ്ട്. സിപിഐഎം സമ്മേളനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവനാചരിതം നടത്തിയിരുന്ന അത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ പണിയില്ലാതായി. എന്നുമാത്രമല്ല പല മാധ്യമമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ വിശ്വാസ്യത ഇല്ലാതായി. ഇത് അവര്‍ക്കിപ്പോഴും മനസിലായിട്ടില്ല എന്നത് മറ്റൊരു കൗതുകം. പ്രതിപക്ഷവും മാധ്യമങ്ങളും വര്‍ഗീയ കക്ഷികളും ഒന്നടങ്കം വ്യാജവാര്‍ത്തകളും ആരോപണങ്ങളുമായി കളം നിറഞ്ഞിട്ടും അതിനെയെല്ലാം അതിജീവിച്ച് ഭരണത്തുടര്‍ച്ച സ്വന്തമാക്കിയതിന്റെ കരുത്തുമായാണ് സിപിഐഎം ഇത്തവണ സമ്മേളനം നടത്തുന്നത്. മാധ്യമങ്ങളുടെ ഇരട്ടത്താപ്പും വ്യാജവാര്‍ത്തകളും തുറന്നെതിര്‍ക്കാനുള്ള സാധ്യതകള്‍ സൈബിറടത്തിലും മറ്റും ഉപയോഗപ്പെടുത്തിയാണ് സിപിഐഎം മുന്നോട്ട് പോകുന്നത്.
പാര്‍ട്ടിക്കുവന്ന കെട്ടുറപ്പും ഐക്യവും നിലനിര്‍ത്താനും സംഘടനാ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വനിതകളുടെയും യുവജനങ്ങളുടെയും പ്രാതിനിധ്യം വര്‍ധിപ്പിച്ചുകൊണ്ടാണ് വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയത്. രണ്ടായിരത്തോളം വനിതകളെ ബ്രാഞ്ച് സെക്രട്ടറിമാരാക്കാന്‍ സാധിച്ചിട്ടുണ്ട്. വര്‍ഗബഹുജന സംഘടനകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും സാധ്യതകളേയും വെല്ലവുവിളികളേയും ഗൗരവത്തിലെടുക്കുകയും ചെയ്യുന്നുണ്ട്.
പാര്‍ട്ടി സമ്മേളനങ്ങളിലെല്ലാം തന്നെ അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക വിഷയങ്ങളള്‍ ചര്‍ച്ച ചെയ്യുകയും വിമര്‍ശന വിധേയമാക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായിട്ടില്ല. പാര്‍ട്ടിയുടെ വളര്‍ച്ചക്കൊപ്പം നാടിന്റെ പുരോഗതിയും മതനിരപേക്ഷതയും നിലനിര്‍ത്തുകയെന്ന കടമയും നിര്‍വഹിക്കേണ്ടതുണ്ട് എന്ന ബോധ്യവും സിപിഐഎമ്മിനുണ്ട്. ഇതിനുവേണ്ടിയാണ് സമ്മേളനത്തില്‍ ഇത്തവണ വികസന രേഖ അവതരിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് സമ്മേളനത്തില്‍ വികസന രേഖ അവതരിപ്പിക്കുന്നത്. 1956ലാണ് ആദ്യമായി വികസന രേഖ അവതരിപ്പിച്ചത്. ആ രേഖയാണ് ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കേരള വികസന പദ്ധതികളുടെ അടിസ്ഥാനം. ഇത്തവണ വികസന രേഖ അവതരിപ്പിക്കുന്നത് അടുത്ത 25 വര്‍ഷത്തേക്കുള്ള കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ്. ഒപ്പം ഭരണത്തുടര്‍ച്ച തുടരുക എന്ന ലക്ഷ്യം കൂടിയുണ്ട്. വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്ത് ഭരണസംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള വീക്ഷണങ്ങളും വികസന രേഖയുടെ ഭാഗമാകുന്നുണ്ട്.
എറണാകുളത്ത് സംസ്ഥാന സമ്മേളനം എത്തുന്നത് 37 വര്‍ഷത്തിന് ശേഷമാണ്. 1985ലാണ് ഇതിനുമുന്‍പ് സംസ്ഥാന സമ്മേളനം നടന്നത്. 1964ലെ പിളര്‍പ്പിന് ശേഷം ഭാവികാര്യങ്ങള്‍ ആലോചിക്കുന്നതിനായി നേതാക്കള്‍ പ്രത്യേകം സമ്മേളിച്ചതും സിപിഐഎം രൂപീകരണ ചര്‍ച്ചകള്‍ ഉണ്ടായതും എറണാകുളത്തായിരുന്നു. 1968ലെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയായതും എറണാകുളമാണ്. 1985ലെ സമ്മേളനത്തിലായിരുന്നു വര്‍ഗീയകക്ഷികളോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന രാഷ്ട്രീയ തീരുമാനം ഉണ്ടായത്. ഇപ്പോള്‍ സമ്മേളനം എറണാകുളത്ത് വീണ്ടുമെത്തുമ്പോള്‍ ആ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ നയരൂപീകരണത്തിനുള്ള പുതിയ തീരുമാനങ്ങളും ഈ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും.
രാജ്യത്തിന്റെ മതനിരപേക്ഷതയും സാമ്പത്തിക സാമൂഹിക മേഖലകളും ഏറെ പ്രതിസന്ധിയിലായ കാലത്താണ് സംസ്ഥാന സമ്മേളനവും പാര്‍ട്ടികോണ്‍ഗ്രസും നടക്കുന്നത്. അതുകൊണ്ടുതന്നെ മതനിരപേക്ഷ സമൂഹവും അടിസ്ഥാന ജനവിഭാഗങ്ങളും സമ്മേളനങ്ങളെ പ്രാധാന്യത്തോടെത്തന്നെയാണ് വീക്ഷിക്കുന്നത്. രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളും മതേതരത്വവും വികസനവും ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസുമായിരിക്കും ഇത്തവണത്തേത് എന്ന് കരുതാം.