കീവ്: യുക്രൈന് തലസ്ഥാനമായ കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. കീവിലുള്ള ഇന്ത്യക്കാർ പൂർണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് എംബസി അടച്ചതെന്നാണ് റിപ്പോർട്ട്.
കിഴക്കന്‍ ഭാഗങ്ങളില്‍നിന്നാണ് റഷ്യന്‍ ആക്രമണം മുന്നേറിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളോടും മറ്റ് ഇന്ത്യന്‍ പൗരന്മാരോടും പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കീവിലെ എല്ലാ ഇന്ത്യക്കാരും സ്ഥലം വിട്ടസാഹചര്യത്തിലാണ് എംബസി അടച്ചതെന്നും കീവിലേക്ക് വലിയൊരു റഷ്യന്‍ വാഹനവ്യൂഹമാണ് മുന്നേറുന്നതെന്നും എംബസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
പടിഞ്ഞാറന്‍ യുക്രെയ്നിലെ ലിവിവ് നൗവിലാണ് എംബസി താല്‍ക്കാലികമായി പുനസ്ഥാപിക്കുക. എംബസി ഉദ്യോഗസ്ഥരും താമസിയാതെ അവിടെ എത്തിച്ചേരും.
അതേസമയം, 15 ഉദ്യോഗസ്ഥരെ കൂടി യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് അയയ്ക്കാൻ തീരുമാനമായി. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സി-17 വിമാനം നാളെ പുറപ്പെടും. നാളെ പുലർച്ചെ 4 മണിക്ക് സി-17 വിമാനം റൊമാനിയയിലേക്ക് യാത്ര തിരിക്കും.
വരും ദിവസങ്ങളിൽ കൂടുതൽ വ്യോമസേനാ വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന് അയയ്ക്കാനും തീരുമാനമായി. അടുത്ത മൂന്ന് ദിവസങ്ങളിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി 23 വിമാനങ്ങൾ സർവീസ് നടത്തും.
യുക്രൈനിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യൻ പൗരന്മാർ മടങ്ങിയെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഘർഷം രൂക്ഷമായ ഖാർക്കിവിലെ ഒഴിപ്പിക്കൽ നടപടിക്കാണ് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.