കീവ്: യുക്രൈനിലെ ഖാർകിവിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ഗ്യാനഡൗഡറിന്റെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഖാർകിവിൽ രാവിലെ ഒരു സൂപ്പർമാർക്കറ്റിൽ ഭക്ഷണം വാങ്ങാനായി വരിനിൽക്കുന്നതിനിടെയാണ് ഷെല്ലാക്രമണമുണ്ടായതെന്നാണ് വിവരം.
ബങ്കറിൽനിന്നും പുറത്തുപോകുന്നതിനു മുൻപ് നവീൻ പിതാവ് ശേഖർ ഗൗഡയുമായി സംസാരിച്ചിരുന്നു. കർണാടകയിൽ നിന്നുള്ള മറ്റ് ചിലർക്കൊപ്പം താൻ ഒളിച്ചിരിക്കുന്ന ബങ്കറിൽ ഭക്ഷണവും വെള്ളവും തീർന്നുപോയെന്ന് നവീൻ പിതാവിനോട് പറഞ്ഞു. ഭക്ഷണം വാങ്ങാൻ പുറത്തുപോകുകയാണെന്നും നവീൻ പിതാവിനെ അറിയിച്ചിരുന്നു.
ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് നവീന്‍ പുറത്തേക്ക് പോയതെന്ന് ഖാര്‍ക്കീവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹോസ്റ്റലിലെ മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നുവെന്നും എന്നാല്‍ നവീന്‍ ഗവര്‍ണര്‍ ഹൗസിന് തൊട്ടുപിന്നിലെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പൂജ പറഞ്ഞു.
നവീന്‍ രണ്ട് മണിക്കൂറോളം ക്യൂവില്‍ നിന്നു. പെട്ടെന്ന് ഒരു വ്യോമാക്രമണം ഉണ്ടാകുകയും ഗവര്‍ണര്‍ ഹൗസ് തകരുകയും അവന് കൊല്ലപ്പെടുകയും ചെയ്തു. ഒരു യുക്രൈന് വനിത നവീന്റെ ഫോണ്‍ എടുത്തപ്പോഴാണ് മരണ വാര്‍ത്ത അറിഞ്ഞത്. ഫോണ്‍ എടുത്ത സ്ത്രീ ഈ ഫോണിന്റെ ഉടമയെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞു, പൂജ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നവീല്‍ കൊല്ലപ്പെട്ടതിനേക്കുറിച്ച് സുഹൃത്ത് ശ്രീധരന് ഗോപാലകൃഷ്ണന് ഇക്കാര്യത്തില്‍ വേറിട്ട വിവരമാണ് പങ്കുവെച്ചത്. നവീനെ അവസാനമായി കണ്ടത് രാവിലെ 8.30 ഓടെയാണെന്നും ശ്രീധരന് ഗോപാലകൃഷ്ണന് വ്യക്തമാക്കി.
‘യുക്രൈന് സമയം രാവിലെ 10.30 ഓടെയാണ് നവീന്‍ വെടിയേറ്റ് മരിച്ചത്. പലചരക്ക് കടയ്ക്ക് മുന്നില്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. റഷ്യന്‍ സൈന്യം ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നവീന്റെ മൃതദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. ആശുപത്രി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല’, ശ്രീധരന് പറഞ്ഞു.
കർക്കീവിലെ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷവിദ്യാർഥിയാണ് നവീൻ. കഴിഞ്ഞ ദിവസം റഷ്യ തകർത്ത സർക്കാർ കെട്ടിടത്തിന് സമീപമായിരുന്നു നവീൻ താമസിച്ചിരുന്നത്. ഗവർണറുടെ വീടിനു നേർക്കാണ് ആക്രമണം ഉണ്ടായത്. ഈ സ്ഫോടനത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. യുക്രെയ്ൻ സമയം 10.30 ന് ആയിരുന്നു നവീൻ കൊല്ലപ്പെട്ടത്.
ബങ്കറുകളിൽനിന്നു പുറത്തിറങ്ങരുതെന്നു തുടർച്ചയായ നിർദേശം യുക്രെയിൻ സേനയും ഇന്ത്യൻ എംബസിയും വിദ്യാർഥികൾക്കു നൽകിയിരുന്നു. എന്നാൽ, ഭക്ഷണവും വെള്ളവും തീർന്നതോടെ പല വിദ്യാർഥികളും പുറത്തിറങ്ങാൻ ശ്രമിക്കുകയും മറ്റു സ്ഥലങ്ങളിലേക്കു നീങ്ങാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.