ന്യൂയോർക്ക്: യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സൈന്യത്തെ പിന്‍വലിക്കണം. ജനവാസമേഖലകള്‍ ആക്രമിക്കപ്പെട്ടതിന് തെളിവുണ്ട്. ആണവായുധ സംവിധാനങ്ങൾ സജ്ജമാക്കിയ റഷ്യൻ നടപടി നീതികരിക്കാനാകില്ല. ഇരുരാജ്യങ്ങളുമായി ചർച്ച നടത്താൻ തയാറെന്നും യുഎൻ സെക്രട്ടറി ജനറൽ അറിയിച്ചു.
സംഘര്‍ഷത്തിലേക്ക് കടക്കുന്നത് പൗരന്മാരുടെ മരണത്തിലാണ് കലാശിക്കുന്നത്. പട്ടാളക്കാര്‍ ബരാക്കിലേക്ക് മടങ്ങിപ്പോകണം. പൗരന്മാര് സംരക്ഷിക്കപ്പെടണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യോഗത്തില്‍ പറഞ്ഞു.
യുക്രൈന് മാനുഷിക സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ അതല്ല പരിഹാരം. ശാശ്വതമായ പരിഹരമെന്നത് സമാധാനം പാലിക്കപ്പെടുന്നതിലൂടെ മാത്രമേ ഉണ്ടാവുകയുള്ളൂ. യു.എന്നിന്റെ സഹായം രാജ്യത്തിന് ഉണ്ടാവും. നിങ്ങളെ ഉപേക്ഷിക്കുകയില്ല. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎന്‍ പൊതുസഭാ സമ്മേളനം ജനീവയില്‍ പുരോഗമിക്കുകയാണ്. ബെലാറസില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെയും യുഎന്‍ സ്വാഗതം ചെയ്തു. ‘യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധം മരണവും നാശനഷ്ടവും മാത്രമാണ് കൊണ്ടുവരുന്നത്. ലോകരാജ്യങ്ങള്‍ യുക്രൈന് ജനതയെ കൈവിടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അംഗരാജ്യങ്ങള്‍ ഉറപ്പുനല്‍കി. യുക്രൈന്റെ നിലവിലെ അവസ്ഥയില്‍ യുഎന്‍ ആശങ്ക അറിയിച്ചു.
യുദ്ധം തുടങ്ങിവെച്ചത് റഷ്യയാണെന്ന് യുഎന്‍ പൊതുസഭയിലെ യുക്രൈന് പ്രതിനിധി കുറ്റപ്പെടുത്തി. മധ്യ യൂറോപ്പിലെ നിലവിലെ സാഹചര്യം രണ്ടാം ലോകമഹായുദ്ധ കാലത്തേത്തിന് സമാനമാണ്. സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും നേരെ വരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്. റഷ്യയുടെ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രതിനിധി ചൂണ്ടിക്കാട്ടി.
എന്നാല്‍ യുക്രൈന് പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് റഷ്യ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനാണെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. യുദ്ധം സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജവാര്‍ത്തകളാണെന്നും റഷ്യന്‍ പ്രതിനിധി വാദിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി. റഷ്യൻ പ്രസിഡന്റിനു മുന്നിൽ മക്രോ മൂന്ന് നിർദേശങ്ങൾ വച്ചു. ജനങ്ങൾക്കും വീടുകൾക്കും നേരെയുള്ള ആക്രമണം നിർത്തണമെന്ന് മക്രോ ആവശ്യപ്പെട്ടു. റോഡുകൾ തകർക്കരുതെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. മക്രോയുടെ മൂന്ന് നിർദേശങ്ങളിൽ ചർച്ച നടത്താമെന്ന് പുട്ടിൻ അറിയിച്ചു.