കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരുക്കിന്റെ അളവ് അടക്കം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവാണ് ഉള്ളത്.
നേരത്തെ കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. നേരത്തെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്,അബ്ദുല്‍ അസീസ് എന്നിവരാണ് കേസിൽ പിടിയിലായിരിക്കുന്നത്.
വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മര്‍ദനമേറ്റ ട്വന്റി-20 പ്രവര്ത്തകന് കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപുവാണ് ചികിത്സയിൽ കഴിയുന്നതിനിടെ ഫെബ്രുവരി 18ന് മരിച്ചത്.
കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്. ഈ മാസം ആദ്യമാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്. രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വൻറി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വൻറി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജൻ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.
ട്വൻറി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. പിറ്റേന്ന് പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തി. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ദീപുവിൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തിയിരുന്നു. എംഎല്‍എ പി വി ശ്രീനിജന് ദീപുവിന്റെ മരണത്തില്‍ പങ്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.