ദോഹ: ഖത്തറിൻറെയും ലോകത്തിൻറെയും കായിക പാരമ്പര്യം അടയാളപ്പെടുത്തുന്ന ഖത്തർ ഒളിമ്പിക് സ്പോർട്സ് മ്യൂസിയം മാർച്ച് 31ന് ഉദ്ഘാടനം ചെയ്യപ്പെടും. 3-2-1 ഒളിമ്പിക് മ്യൂസിയം എന്ന പേരിലാണ് ഒളിമ്പിക് മ്യൂസിയം നെറ്റ്വർക്കിൽ അംഗമായി ഖത്തറിൻറെ കായിക സാമ്രാജ്യം ലോകത്തിനായി തുറന്നുനൽകുന്നത്. അവിസ്മരണീയ കായിക മുഹൂർത്തങ്ങൾ, വസ്തുക്കൾ, നേട്ടങ്ങൾ, ഉപകരണങ്ങൾ എന്നിവ അത്യാധുനിക സാങ്കേതിക വിദ്യയുടെ കൂടി മികവോടെയാണ് മ്യൂസിയത്തിൽ പ്രദർശനത്തിനായി സജ്ജമാക്കുന്നത്. സ്പാനിഷ് ആർകിടെക്ട് ആയ ജൊവാൻ സിബിന രൂപകൽപന ചെയ്ത മ്യൂസിയം 19,000 ചതുരശ്ര മീറ്റർ വിശാലതയിലാണ് ആസ്പയർ ഫൗണ്ടേഷനിൽ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തോട് ചേർന്ന് നിർമാണം പൂർത്തിയാക്കിയത്.
മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായി ദോഹ വേദിയാവുന്ന ഫിഫ കോൺഗ്രസിൻറെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങും തീരുമാനിച്ചത്. ഖത്തർ ദേശീയ വിഷൻ 2030ൻറെ കൂടി അടയാളമായാണ് മ്യൂസിയം സ്ഥാപിച്ചതെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പറഞ്ഞു.