മനാമ: ബഹ്റൈനിലെ സീഫ് ഡിസ്ട്രിക്ടിൽ (Seef District) പാർക്കിങ് ലോട്ടിൽ ഏറ്റുമുട്ടിയവർക്കതിരെ നിയമ നടപടി. ഒരേ സ്ഥലത്തു നടന്ന രണ്ട് സംഭവങ്ങളിൽ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് (Capital Governorate Police Directorate) അറിയിച്ചു. നിരവധി ആളുകൾ ചേർന്ന് അടിപിടി കൂടുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ (Social Media Video) പ്രചരിച്ചിരുന്നു.
ഒരു പാർക്കിങ് ലോട്ടിൽ ഒരു കൂട്ടം ആളുകൾ തമ്മിലടിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. അതേസമയം തന്നെ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ വിൻഡോ ഗ്ലാസുകൾ ഒരു സ്ത്രീ, കല്ല് ഉപയോഗിച്ച് തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തെ ഒരു കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദൃശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്. എല്ലാവരെയും തിരിച്ചറിഞ്ഞതായും ഇവരൊക്കെ ഒരു ഗൾഫ് രാജ്യത്തെ പൗരന്മാരാണെന്നും പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അറിയിച്ചിട്ടുണ്ട്.