സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 24,614 ബൂത്തുകൾ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പർവൈസർമാരേയും സജ്ജമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലും 84.41 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം 1,99,618, കൊല്ലം 1,50,797, പത്തനംതിട്ട 60,340, ആലപ്പുഴ 1,20,195, കോട്ടയം 99,497, ഇടുക്കി 66,513, എറണാകുളം 1,83,217, തൃശൂർ 1,83,120, പാലക്കാട് 1,77,390, മലപ്പുറം 3,07,163, കോഴിക്കോട് 2,01,151, വയനാട് 53,779, കണ്ണൂർ 1,57,072, കാസർഗോഡ് 96,579 എന്നിങ്ങനെയാണ് ജില്ലാടിസ്ഥാനത്തിലെ പോളിയോ തുള്ളിമരുന്ന് വിതരണം.
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആദ്യ പോളിയോ തുള്ളിമരുന്ന് മന്ത്രി, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ മകൻ മൽഹാറിനു നൽകിയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ പൂർണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി പ്രത്യേക ഇടപെടലുകൾ നടത്തും.
കേരളത്തിൽ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണം.
പോളിയോ ബൂത്തുകൾക്ക് പുറമേ ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുന്നതാണ്. പോളിയോ തുള്ളിമരുന്ന് എടുക്കാൻ കഴിയാത്തവർ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.