ന്യൂഡല്‍ഹി: രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഹിജാബുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാലും നിലവിൽ രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് യാതൊരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ അവകാശങ്ങളും കടമകളും പ്രധാനമാണെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ചില സ്ഥാപനങ്ങളില്‍ അവരുടേതായ വസ്ത്രധാരണ രീതികളും യുണിഫോമും ഉണ്ടാകും. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നതോടൊപ്പം മൗലിക കടമകളെക്കുറിച്ചും ചർച്ചകൾ അനിവാര്യമാണെന്ന് മുക്താർ അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ കർണാടക ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്സിറ്റി ഗേൾസ് കോളജിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ ആറ് വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് വിവാദം ഉയർന്നുവന്നത്.