ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിലും ഇന്ത്യക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. ശ്രേയസ് 45 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
രവീന്ദ്ര ജഡേജ (22 നോട്ടൗട്ട്), ദീപക് ഹൂഡ (21), സഞ്ജു സാംസൺ (18) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു.
ശ്രീലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാര രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദുഷ്മന്ത ചമീരയും കരുണരത്നെയും ഓരോ വിക്ക് വീതം വീഴ്ത്തി.
That’s that from the final T20I.#TeamIndia win by 6 wickets to complete a clean sweep 3-0 against Sri Lanka.
Scorecard – https://t.co/gD2UmwjsDF #INDvSL @Paytm pic.twitter.com/er1AQY6FmL
— BCCI (@BCCI) February 27, 2022
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. വെറും 38 പന്തുകളില്‍ നിന്ന് 74 റണ്‍സെടുത്ത് അപരാജിതനായി ഒറ്റയ്ക്ക് പൊരുതിയ നായകന് ഡാസണ്‍ ശനകയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാന് നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 23 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ഇന്ത്യ തുടർച്ചയായ 12 ടി-20 വിജയങ്ങളാണ് പൂർത്തിയാക്കിയത്. ഇത് ലോക റെക്കോർഡാണ്. അഫ്ഗാനിസ്ഥാൻ്റെ 12 തുടർ ടി-20 ജയങ്ങളെന്ന റെക്കോർഡിനൊപ്പമാണ് നിലവിൽ ഇന്ത്യ.