കീവ്: യുക്രൈനിലെ മൂന്ന് നഗരങ്ങളിൽ പുറത്തിറങ്ങരുതെന്ന് പൗരൻമാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. കീവ്, കാർക്കിവ്, സുമി എന്നീ നഗരങ്ങളിലാണ് അതിജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
കർഫ്യൂ കർശനമായി പാലിക്കണം, ജനജീവിതം പുനസ്ഥാപിക്കുന്നത് വരെ പുറത്തിറങ്ങരുത്, റെയിൽവേ സ്റ്റേഷനിൽ പോവരുത് തുടങ്ങിയ നിർദേശങ്ങളാണ് എംബസി നൽകിയിരിക്കുന്നത്.
ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണം. കർഫ്യു പിൻവലിക്കുമ്പോൾ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ഉപയോഗിക്കണം. ബാഗിൽ അവശ്യവസ്തുക്കൾ മാത്രം കൊണ്ടുപോകുക. ശൈത്യകാല വസ്ത്രങ്ങളും കഴിയുന്നത്ര പണവും കരുതണം. യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങരുതെന്നും കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.
കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് ഇന്ത്യൻ എംബസി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്ന് എംബസി അറിയിച്ചു.കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമെത്തുന്നവർക്കാണ് മുൻഗണന ലഭിക്കുക.
സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാർ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം.
അതിനിടെ റഷ്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി വ്യക്തമാക്കി. ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് നിർദേശിച്ചു എന്ന ‘റഷ്യ ടുഡേ’യുടെ വാർത്ത വന്നതിനു തൊട്ടു പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കിയത്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.