പാരിസ്: റഷ്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിർത്തിയില്‍ പ്രവേശനം വിലക്കി യൂറോപ്യന്‍ രാജ്യങ്ങളും കാനഡയും. യുക്രൈനിലെ അധിനിവേശത്തില്‍ റഷ്യയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങളുടെ പുതിയ നീക്കം.
നാറ്റോ രാജ്യങ്ങള്‍ അടക്കമുള്ളവ റഷ്യയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏർപെടുത്തിയതിനു പിന്നാലെയാണ് പുതിയ നടപടി.
മൂന്ന് മാസത്തെ വിലക്കാണ് ജർമ്മനി ഏർപ്പെടുത്തിയിരിക്കുന്നത്. സ്പെയിൻ, ഫ്രാൻസ്, ഡെൻമാർക്ക്, നെതർലാൻഡ്സ്, ഇറ്റലി എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തി റഷ്യൻ വിമാനങ്ങൾക്ക് അടച്ചിടും.
ബാൾട്ടിക് രാജ്യങ്ങൾ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, റൊമാനിയ, സ്ലോവേനിയ എന്നീ രാജ്യങ്ങൾക്ക് മുകളിലുള്ള ആകാശത്ത് സ്വകാര്യ ജെറ്റുകൾ ഉൾപ്പെടെയുള്ള റഷ്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് ഇനി പ്രവേശിക്കാനാകില്ല. യുകെ വ്യോമാതിർത്തിയിൽ റഷ്യൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.