ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി രാജ്യത്ത് തിരികെയെത്തിക്കാൻ ശ്രമം ഊർജിതമാക്കിയതായി കേന്ദ്രസർക്കാർ. റഷ്യ വഴി രക്ഷാദൗത്യം ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്യംഖ്ല പറഞ്ഞു.
“എയർ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോയും രക്ഷാദൗത്യത്തിന് പങ്കാളിയാകും. ഇതുവരെ നാലു വിമാനങ്ങൾ ഇന്ത്യയിലെത്തി. രണ്ടു വിമാനങ്ങൾ കൂടി ഉടൻ എത്തും. രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുകയാണ്.” -ഹർഷ് വർധൻ ശൃംഗ്ല പറഞ്ഞു.
“യുക്രെയ്ൻ രക്ഷാദൗത്യത്തിന് പുതിയൊരു മാർഗം അവലംബിക്കുകയാണ്. റുമാനിയയിലെ മോൾഡോവ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയാണ് പദ്ധതി. ഇതിനായി ബസ് പുറപ്പെട്ടു കഴിഞ്ഞു. ഈ സംഘത്തെ മോൾഡോവ അതിർത്തിയിൽ എത്തിക്കും. അടുത്ത ബസ് അധികം വൈകാതെ അയയ്ക്കും. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം.”- ഹർഷ് വർധൻ പറഞ്ഞു.
പോളണ്ട് അതിർത്തിയിൽ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവിടെയുള്ള ഇന്ത്യക്കാർ ട്രെയിനിൽ ഹംഗറി അതിർത്തിയിലെത്തണമെന്നും കേന്ദ്രം അറിയിച്ചു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ യുക്രെയ്നിലെ ഇന്ത്യക്കാർ പ്രതിസന്ധി നേരിടുകയാണ്. അവർ പടിഞ്ഞാറൻ അതിർത്തിയിലേക്ക് എത്തണം. ഇതിനായി റെഡ്ക്രോസിന്റെ സഹായം തേടി. റഷ്യ, യുക്രെയ്ൻ സ്ഥാനപതികൾക്ക് അവരുടെ വിശദാംശങ്ങൾ നൽകുകയും ചെയ്തുവെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.