മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്ന് സൂചന. ബെലറൂസ്-യുക്രൈൻ അതിർത്തിയിൽ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അറിയിച്ചിരിക്കുന്നത്. ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് നിർദേശിച്ചു എന്ന റഷ്യ ടുഡേയുടെ വാർത്ത വന്നതിനു തൊട്ടു പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കിയത്.
ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി ബലാറൂസിൽ തയാറാണ്. യുക്രെയ്ൻ പ്രതിനിധി സംഘവും ബലാറൂസിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണമെന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്.
ഇതിനിടെ റഷ്യക്കെതിരെ അന്താരാഷ്ര നീതിന്യായ കോടതിയെ യുക്രെയ്ൻ സമീപിച്ചു. റഷ്യയോട് ഉടൻ സൈനിക നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെടണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു. സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് റഷ്യയെ വിചാരണ ചെയ്യണമെന്നും കോടതിയോട് യുക്രെയ്ൻ ആവശ്യപ്പെട്ടു.
അതേസമയം സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് റഷ്യൻ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈൻ. റഷ്യൻ അധിനിവേശം തടയാൻ യുക്രൈന് ആയുധ പിന്തുണ നൽകുമെന്ന് കൂടുതൽ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഓസ്ട്രേലിയൻ സർക്കാർ ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.