രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്തിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലാണ് കളിയിലെ താരം.
ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച കേരളം രണ്ട്വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. രോഹന് 87 പന്തുകളില്‍ നിന്ന് 12 ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 106 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 76 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത നായകന് സച്ചിന് ബേബിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ വിജയത്തോടെ കേരളം എലൈറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് കേരളത്തിനുള്ളത്.
സ്കോര്‍ ഗുജറാത്ത്: 388, 264. കേരളം: 439, രണ്ടിന് 214
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സിന് ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് 136 റണ്‍സെ കൂട്ടിച്ചേർക്കാനായുള്ളു. 264ന് ഗുജറാത്ത് ഓൾഔട്ടായി. ഉമംഗ് കുമാറിന്റെയും (175 പന്തിൽ 70) കരണ്‍ പട്ടേലിന്റെയും (150 പന്തിൽ 81) ചെറുത്തുനിൽപ്പ് മാത്രമാണ് കേരളത്തിന് വെല്ലുവിളി ഉയർത്തിയത്.
കേരളത്തിനായി ജലജ് സക്സേന 18 ഓവറിൽ 57 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബേസിൽ തന്പി രണ്ടും നിധീഷ് ഒരു വിക്കറ്റും നേടി. അടുത്ത മത്സരത്തില്‍ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളി.