യുക്രൈൻ-റഷ്യ യുദ്ധം രൂക്ഷമാകുന്ന പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു. അതിർത്തി കടന്നവരിൽ ഏഴ് മലയാളി വിദ്യാർഥികളുമുണ്ട്. നേരത്തെ 63 ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് അതിർത്തി കടക്കാനായത്.
യുക്രൈൻ പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് വാർത്തയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിൽ വച്ചാണ് വിദ്യാർഥികളടക്കമുള്ളവർക്കുനേരെ മർദനമുണ്ടായത്. 36 മണിക്കൂറിലേറെയായി വിദ്യാർഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.
കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനിൽ നിന്ന് പലരും രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകൾ എത്തിയതിനെത്തുടർന്ന് അതിർത്തിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
കെയ്വിൽ നിന്ന് പടിഞ്ഞാറൻ യുക്രൈനിലേക്ക് പ്രത്യേക ട്രെയിൻ സർവീസൊരുക്കാൻ തീരുമാനമായിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ ആദ്യം എത്തുന്നവർക്കാണ് മുൻഗണന ഉണ്ടായിരിക്കുക. ഇന്ത്യക്കാർ പടിഞ്ഞാറൻ മേഖലയിലേക്ക് പോകണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.