ഫിറോസാബാദ്: യു.പിയിൽ 20 ദിവസത്തിനിടെ നിരവധി പേർക്ക് ഓറൽ കാൻസർ (വായിലെ കാൻസർ) സ്ഥിരീകരിച്ചതായി അധികൃതർ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഔട്ട് പേഷ്യൻറ് വിഭാഗം സംഘടിപ്പിച്ച പരിശോധനയിലാണ് പ്രാഥമിക ലക്ഷണങ്ങളോടെ 50 കാൻസർ കേസുകൾ സ്ഥിരീകരിച്ചത്.
30 മുതൽ 50 വയസ് വരെ പ്രായമുള്ളവരാണ് രോഗബാധിതരിൽ ഭൂരിഭാഗവും. എല്ലാവരും പുകയിലക്ക് അടിമപ്പെട്ടവരാണെന്നും ഡോക്ടർമാർ പറഞ്ഞു.
ഫെബ്രുവരി 4നാണ് ഒ.പി വിഭാഗം കാൻസർ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി 24വരെയുള്ള കണക്കുകൾ പ്രകാരം 50 പേർക്ക് കാൻസർ പരിശോധന ഫലം പോസിറ്റീവായതായി ദന്തവിഭാഗം മേധാവി കിരൺ സിങ് പറഞ്ഞു. രോഗികൾക്ക് രോഗത്തെ സംബന്ധിച്ച അറിവില്ലായിരുന്നുവെന്നും പുകയിലയുടെ അമിത ഉപയോഗമാണ് ഭൂരിഭാഗം രോഗബാധിതരിലും രോഗം സ്ഥിരീകരിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതരെല്ലാവരും കാൻസറിൻറെ ഒന്നാം ഘട്ടത്തിലാണെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.