ദുബൈ: എക്സ്പോ 2020 ദുബൈയുടെ (Expo 2020 Dubai) വേദിയിൽ സംഗീതജ്ഞൻ ഇളയരാജ (Ilaiyaraaja) എത്തുന്നു. മാർച്ച് അഞ്ചിന് രാത്രി ഒമ്പത് മണിക്ക് എക്സ്പോ 2020 ദുബൈയിലെ ജൂബിലി സ്റ്റേജിലാണ് പരിപാടി സംഘടിപ്പിക്കുക.
‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സംഗീത കച്ചേരി’ എന്നാണ് സംഘാടകർ ഈ പരിപാടിയെ വിശേഷിപ്പിക്കുന്നത്. എക്സ്പോ 2020 പാസ് ഉള്ളവർക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായാണ് 78കാരനായ ഇളയരാജ കണക്കാക്കപ്പെടുന്നത്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീത രംഗത്ത് നിറഞ്ഞുനിൽക്കുന്ന അദ്ദേഹം 7,000 ഗാനങ്ങളും 1,400ലേറെ സിനിമകൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
20,000ലേറെ സംഗീത കച്ചേരികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മൂന്നെണ്ണം മികച്ച സംഗീത സംവിധാനത്തിനും രണ്ടെണ്ണം മികച്ച പശ്ചാത്തല സംഗീതത്തിനുമാണ് ലഭിച്ചിട്ടുള്ളത്. 2010ൽ പത്മഭൂഷണും 2018ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.