യുക്രെയ്നു സഹായവുമായി ജർമനി. യുക്രെയ്ന് ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്ന് ജർമനി അറിയിച്ചു.1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ഉപരിതല മിസൈലുകളും യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. നേരത്തെ ഫ്രാൻസും ആയുധം വാഗ്ദാനം ചെയ്തിരുന്നു.ഫ്രാൻസ് പ്രസിഡന്റുമായി സംസാരിച്ചെന്നും അവിടെ നിന്നും ആയുധങ്ങളും മറ്റ് ഉപകരണങ്ങളും യുക്രെയ്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡോമിർ സെലൻസ്കി അറിയിച്ചിരുന്നു.
അതേസമയം യുക്രൈനിന് കൂടുതൽ സൈനിക പിന്തുണ നൽകുമെന്ന് നെതർലൻഡ്സ് അറിയിച്ചിരുന്നു. 200 സ്റ്റിംഗർ മിസൈലുകളും 400 മിസൈലുകളുള്ള 50 പാൻസർഫോസ്റ്റ്-3 ആന്റി ടാങ്ക് ആയുധങ്ങളും നൽകും. ബാലിസ്റ്റിക് വസ്ത്രങ്ങൾ, യുദ്ധ ഹെൽമെറ്റുകൾ, സ്നിപ്പർ റൈഫിളുകൾ, വെടിമരുന്ന്, മൈൻ ഡിറ്റക്ഷൻ സംവിധാനങ്ങൾ എന്നിവ നൽകാൻ നെതർലൻഡ്സ് പാർലമെന്റ് ഇതിനകം സമ്മതിച്ചിട്ടുണ്ട്.