ന്യൂഡൽഹി: എൽഐസിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. എൽഐസിയിൽ 20% ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയമ ഭേദഗതിക്കാണ് അംഗീകാരം നൽകിയത്.
എൽഐസി ഐപിഒയിലേക്ക് വിദേശ നിക്ഷേപകരെയും ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കന്പനിയായ എൽഐസി ദക്ഷിണേഷ്യൻ രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ (ഐപിഒ) അടുത്ത മാസം ഏകദേശം 78,000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്.
നിലവിൽ, 1956 ലെ എൽഐസി ആക്ട് പ്രകാരം സ്ഥാപിതമായ ഒരു സ്റ്റാറ്റിയൂട്ടറി കോർപ്പറേഷനായ എൽഐസിയിൽ വിദേശ നിക്ഷേപത്തിന് പ്രത്യേക വ്യവസ്ഥകളൊന്നും എഫ്ഡിഐ പോളിസി നിർദ്ദേശിച്ചിട്ടില്ല. പൊതുമേഖലാ ബാങ്കുകളുടെ എഫ്ഡിഐ പരിധി ഗവൺമെന്റ് അനുമതി വഴിയിൽ 20% ആണ്.
എൽഐസി ഈ വിഭാഗങ്ങളിലൊന്നും പെടാത്തതിനാലും എൽഐസിയിലെ വിദേശ നിക്ഷേപത്തിന് എൽഐസി നിയമപ്രകാരം പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാലും എൽഐസിക്കും മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും 20% വരെ വിദേശ നിക്ഷേപം അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.