കീവ്: യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈനികർക്ക് നിർദേശം നൽകി റഷ്യ. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധമന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം ചർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്.
ബെലാറസിൽ ചർച്ച നടത്താനുള്ള നിർദേശം യുക്രൈൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിൻറേതാണ് വിശദീകരണം.
അതേസമയം, തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. കീവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം. സുരക്ഷാ, പ്രതിരോധ മേഖലകളിൽ നെതർലാൻഡ് പിന്തുണ അറിയിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണും എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൌരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ കണക്കുകൾ നിരത്തുന്നു. ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈൻ്റെ വിശദീകരണം. 1.20 ലക്ഷം യുക്രൈൻ പൌരൻമാർ ഇതിനോടകം അതിർത്തി കടന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.