ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ (74), മലയാളി താരം സഞ്ജു സാംസൺ (39), രവീന്ദ്ര ജഡേജ (45) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ലങ്കയ്ക്കായി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരുടെ മികവിലാണ് ശ്രീലങ്ക തരക്കേടില്ലാത്ത ടോട്ടൽ പടുത്തുയർത്തിയത്. പതും നിസ്സൻങ്ക 75 ഉം ധനുഷ്ക ഗുണതിലക 38 ഉം റൺസ് നേടി ടീമിന് മികച്ച അടിത്തറ പാകി. 47 റൺസുമായി ദാസുൻ ഷനക പുറത്താകാതെ നിന്നു.
ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച നിസ്സങ്ക – ക്യാപ്റ്റന്‍ ദസുന്‍ ഷാനക സഖ്യമാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഈ സഖ്യം വെറും 26 പന്തില്‍ നിന്ന് 58 റണ്‍സാണ് ലങ്കന്‍ സ്കോറിലേക്ക് ചേര്‍ത്തത്.
നിസ്സങ്ക പുറത്തായെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിനെ കടന്നാക്രമിച്ച ഷാനക വെറും 19 പന്തില്‍ നിന്ന് അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 47 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന അഞ്ച് ഓവറില്‍ 80 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.