ന്യൂഡൽഹി: യുക്രെയ്നിൽനിന്ന് മടങ്ങുന്ന രാജസ്ഥാൻ സ്വദേശികളുടെ വിമാന യാത്ര ടിക്കറ്റ് വിലയും മറ്റ് ചെലവുകളും സർക്കാർ മടക്കി നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വ്യക്തിഗത ചെലവിൽ മടങ്ങി വരുന്നവരുടെ പണമാണ് മടക്കി നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയത്.
മുംബയിലും, ഡൽഹിയിലും എത്തുന്ന രാജസ്ഥാൻ സ്വദേശികളുടെ സ്വദേശത്തേക്കുള്ള മടക്കത്തിന് ആവശ്യമായി ഒരുക്കങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
നേരത്തെ, യുക്രെയ്നിൽനിന്ന് മടങ്ങുന്നവര്‍ക്ക് യാത്രാ ചെലവ് തിരികെ നൽകുമെന്ന് ജാർഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
“യുക്രെയ്നിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, നാട്ടിലേക്ക് മടങ്ങുന്ന ജാർഖണ്ഡ് നിവാസികളുടെ ചെലവ് സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ തിരികെ നൽകും. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്രവുമായി സഹകരിച്ച് സംസ്ഥാന സർക്കാർ ശ്രമിക്കുന്നു,” ജാർഖണ്ഡ് മുഖ്യമന്ത്രി ശനിയാഴ്ച ട്വിറ്ററിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
വ്യാഴാഴ്ച ആരംഭിച്ച റഷ്യൻ അധിനിവേശത്തിനിടയിൽ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്ത് നിന്നുള്ള ആളുകൾക്കായി ജാർഖണ്ഡ് സർക്കാർ വെള്ളിയാഴ്ച ഹെൽപ്പ് ലൈൻ ലാൻഡ്ലൈനും സ്റ്റേറ്റ് കൺട്രോൾ റൂമിന്റെ വാട്ട്സ്ആപ്പ് നമ്പറുകളും നൽകിയിരുന്നു.