മുംബൈ: യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 ഓടെയാണ് റൊമാനിയന്‍ തലസ്ഥാനമായ ബുക്കെറെസ്റ്റിൽ പ്രത്യേക എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്.
219 യാത്രക്കാരുമായാണ് വിമാനം എത്തിയത്. ഇതില്‍ 19 പേര് മലയാളികളാണ്. വിമാനത്തിലുള്ളവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചതായി പീയുഷ് ഗോയല്‍ പറഞ്ഞു.
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കൊവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയർപോർട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്.
ഇത് കൂടാതെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡൽഹിയിൽ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം രാത്രി 1.30ന് ഡല്‍ഹിയിലെത്തും. 17 മലയാളികളാണ് ഈ വിമാനത്തിലുള്ളത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിലെ സ്ഥിതി ഗതികൾ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കിൽ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങൾ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.
നിലവില്‍ ഏകദേശം 16000ത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍. ഇതില്‍ 2300ഓളം പേര് മലയാളികളാണെന്നാണ് വിവരം.
പ്രധാനമായും റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് റൊമാനിയയിൽ എത്തിയത്. ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് ഒരു എയര്‍ ഇന്ത്യ വിമാനം വൈകാതെ പുറപ്പെടും. കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.