പാരിസ്: യുക്രെയ്ൻ- റഷ്യ സംഘർഷത്തിനിടെ റഷ്യൻ ചരക്കു കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. സെന്റ് പീറ്റേഴ്സ്ബെർഗിലെ ബാൾടിക് പോർട്ട് സിറ്റിയിലേക്ക് ചരക്കുമായി പോകാനൊരുങ്ങിയ ബാൾട്ടിക് ലീഡർ എന്ന കപ്പലാണ് പിടിച്ചെടുത്തത്. 417 അടിയുള്ള കപ്പൽ, ഉപരോധം ലംഘിച്ചതിനാലാണ് തടഞ്ഞതെന്നാണ് സൂചന.
തീരത്തേക്ക് എത്തിയ ഫ്രഞ്ച് നാവിക സേന കപ്പൽ പിടിച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് കപ്പൽ മറ്റൊരു തുറമുഖമായ ബൊലോൺ-സർ-മെറിലേക്ക് മാറ്റി. കപ്പൽ നിലവിൽ പോലീസ് കാവലിൽ ആണ്. സുരക്ഷ ശക്തമാക്കാൻ ഫ്രഞ്ച് നാവിക സേനയുടെ പട്രോളിംഗ് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. 127 മീറ്റർ നീളമുള്ള കപ്പലിൽ കാർ ആയിരുന്നു ചരക്കായി ഉണ്ടായിരുന്നത്.
കപ്പലിനെക്കുറിച്ച് ഫ്രഞ്ച് നാവിക സേന അന്വേഷണം ആരംഭിച്ചു. ബാൾടിക് ലീഡറിലെ ജീവനക്കാർ ഫ്രാഞ്ച് നാവിക സേനയുമായി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അനധികൃതമായി കപ്പൽ പിടിച്ചുവെച്ചതിൽ റഷ്യ ഫ്രഞ്ച് അധികൃതരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിന്റെ നിർണായക നീക്കം.