കീവ്: റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ യുക്രെയ്ന് ആയുധം വാഗ്ദാനം ചെയ്ത് മറ്റു രാജ്യങ്ങൾ. പോളണ്ട്, ഫ്രാൻസ്, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ആയുധം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
ഫ്രാൻസ് പ്രസിഡന്റുമായി സംസാരിച്ചുവെന്നും അവിടെ നിന്നും ആയുധങ്ങളും മറ്റ് ഉപകരണങ്ങളും യുക്രെയ്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും വ്ളോഡോമിർ സെലൻസ്കി ട്വീറ്റ് ചെയ്തു.
യുക്രെയ്ന് 200 വ്യോമ പ്രതിരോധ റോക്കറ്റുകൾ എത്രയും വേഗം കൈമാറുമെന്ന് നെതർലൻഡ് സർക്കാർ അറിയിച്ചു. റൈഫിളുകൾ, റഡാർ സംവിധാനം, മൈൻ കണ്ടെത്തുന്ന റോബോട്ടുകൾ എന്നിവയും നൽകുമെന്നും നെതർലൻഡ് അറിയിച്ചു.
അതേസമയം, യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. യുക്രെൈന് 600 മില്യൺ ഡോളർ വരെ “അടിയന്തര സൈനിക സഹായം” നൽകാൻ ഉത്തരവിൽ ശുപാർശ ചെയ്യുന്നുണ്ട്.
വിദേശരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് നൽകി 250 മില്യൺ ഡോളർ വരെ യുക്രൈന് എത്രയും പെട്ടെന്ന് കൈമാറാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഉത്തരവിട്ടുണ്ട്. സൈനികഅഭ്യാസത്തിനും പരിശീലനത്തിനും മറ്റു സൈനിക സേവനങ്ങൾക്കുമായി 350 മില്യൺ ഡോളർ അനുവദിക്കാനും ഉത്തരവിൽ ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം യുക്രൈൻ തലസ്ഥാനമായ കീവ് പിടിക്കാൻ അതിശക്തമായ പോരാട്ടമാണ് റഷ്യ നടത്തുന്നത്. സൈനികമായ മേൽക്കൈ റഷ്യയ്ക്ക് തന്നെയെങ്കിലും ആവും വിധം കടുത്ത പ്രതിരോധമാണ് യുക്രൈൻ സൈന്യം നടത്തുന്നത്. കരമാർഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.