ദോഹ: യുദ്ധം തകിടം മറിച്ച യമനിൻറെ വിദൂര ദിക്കുകളിൽ കഴിയുന്ന അശരണരും അഭയാർഥികളുമായ 70,000ലധികം യമനികൾക്ക് ശുദ്ധജലവും ശുചിത്വ സംവിധാനങ്ങളും എത്തിച്ച് ഖത്തർ തണലേകുകയാണ്. കടുത്ത മാനുഷിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന യമനികളുടെ ദുരിതങ്ങൾക്ക് കുറവ് വരുത്താൻ പുതിയ പദ്ധതികളാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി യമനിൽ നടപ്പാക്കുന്നത്.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ തൈസ്, ദാലെ, ലാഹിജ്, ഇബ്ബ്, അൽ മഹ്വിത്, സആദ, റയ്മ തുടങ്ങി യമനിലെ ഏഴ് ഗവർണറേറ്റുകളിലായി 149 പുതിയ ജല പദ്ധതികളാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ആരംഭിച്ചിരിക്കുന്നത്. 13,24,970 ഡോളർ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി യമനിലെ തന്നെ ഏറ്റവും വലിയ ജല പുനരധിവാസ, എൻവയൺമെൻറൽ സാനിറ്റേഷൻ പദ്ധതികളിലൊന്നാണ്. ട്യൂബൻ ജില്ലയിൽ രണ്ട് പുതിയ ആർട്ടീഷൻ കിണറുകൾ, 103 സാധാരണ കിണറുകളുടെ പുനരുദ്ധാരണം, സൗരോർജ പമ്പുകളുപയോഗിച്ച് പ്രവർത്തിക്കുന്ന 46 ജലപദ്ധതികളുടെ പുനഃസ്ഥാപനം എന്നിവ പദ്ധതിയിലുൾപ്പെടും. യമനിലെ മധ്യഭാഗത്തെ ഉയർന്ന മലനിരകളിൽ, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ഏറ്റവും ദുരിതത്തിലായ യമനി ജനതയുടെ പ്രയാസങ്ങൾ ദൂരീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യമനിലെ ഖത്തർ റെഡ്ക്രസൻറ് ഓഫിസ് മേധാവി എൻജി. അഹ്മദ് ഹസൻ അൽ ഷെറാജി പറഞ്ഞു.