ദോഹ:പുനരുപയോഗം പ്രോത്സാഹിപ്പിച്ച് രാജ്യത്തുടനീളമായി മാലിന്യ-രഹിത ഇടങ്ങൾ ലക്ഷ്യമിട്ട് നഗരസഭ മന്ത്രാലയത്തിന്റെ സീറോ വേസ്റ്റ് ക്യാംപെയ്ന് തുടക്കമായി. ‘കേടുപാടുകൾ നിഷ്ഫലമാക്കുക, സൗന്ദര്യം വീണ്ടെടുക്കുക’ എന്ന പ്രമേയത്തിലാണ് ക്യാംപെയ്ൻ തുടങ്ങിയത്.
നഗരസഭ മന്ത്രി അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈ, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ.ഫലേഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി, വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബർ അൽ നുഐമി എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ ഭാഗമായുള്ള ക്യാംപെയ്ൻ നടപ്പാക്കുന്നത് വിവിധ മന്ത്രാലയങ്ങൾ, സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലാണ്.
മാലിന്യത്തിന്റെ പുനരുപയോഗം, മാലിന്യത്തിൽ നിന്ന് വൈദ്യുതിയും കാർഷിക വളവും ഉൽപാദിപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്തെ പൊതു ഇടങ്ങൾ മാലിന്യ-രഹിതമാക്കി ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിലേക്ക് പരിവർത്തനം ചെയ്യുകയാണ് ലക്ഷ്യം. നഗരസഭ മന്ത്രാലയത്തിന്റെ കീഴിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ മാലിന്യത്തിൽ നിന്ന് വളം, വൈദ്യുതി, ബയോഗ്യാസ്, പുനരുപയോഗ സാമഗ്രികൾ എന്നിവയാണ് ഉൽപാദിപ്പിക്കുന്നത്.