കഴിഞ്ഞ 20 വർഷത്തിനിടെ അമേരിക്ക റഷ്യയുടെ മേൽ ചുമത്തുന്ന ഉപരോധങ്ങളുടെ എണ്ണം പത്തിരട്ടിയായി വർധിച്ചിരുന്നു. 2014-ലെ ക്രൈമിയൻ അധിനിവേശത്തിനുശേഷമായിരുന്നു ഇതിൽ ഭൂരിഭാഗവും. റഷ്യൻസൈന്യം ഉൾപ്പെടെ ഇത്തരത്തിൽ ഉപരോധം നേരിടുന്നുണ്ട്. എന്നിട്ടും മറ്റൊരു അധിനിവേശത്തിന് റഷ്യക്ക് ധൈര്യം നൽകിയത് പല ഘടകങ്ങളാണ്. ഉപരോധങ്ങളെ നേരിടാൻ കൃത്യമായ തയ്യാറെടുപ്പുകളോടെയായിരുന്നു റഷ്യയുടെ അധിനിവേശനടപടികളെന്നാണ് വിദഗ്ധർ പറയുന്നു.
47 ലക്ഷം കോടിയോളം രൂപയാണ് റഷ്യയുടെ നിലവിലെ വിദേശനാണ്യശേഖരം. അതിനാൽത്തന്നെ ഉപരോധങ്ങൾ അടുത്തകാലത്തൊന്നും റഷ്യൻ സാമ്പത്തികമേഖലയെ ബാധിച്ചേക്കില്ല. റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇന്ധന, പ്രകൃതിവാതക വിലകൾ വർധിക്കാൻ കാരണമായിട്ടുണ്ട്. ഉപരോധങ്ങളെ മറികടക്കാൻ ഇത് ഗുണംചെയ്യുമെന്നും റഷ്യ കരുതുന്നു.